08 April 2008

അബുദാബിയില്‍ ഇന്ത്യന്‍ ചലചിത്രമേള


ഒരാഴ്ച്ച നീളുന്ന ഇന്ത്യന്‍ ചലച്ചിത്രോല്‍സവം അബുദാബിയില്‍ ആരംഭിച്ചു.

അബുദാബി സാംസ്ക്കാരിക പൈതൃക അതോററ്റിയും ഇന്ത്യന്‍ എംബസിയും ചേര്‍ന്നാണ് ചലച്ചിത്രോല്‍സവം സംഘടിപ്പിച്ചിരിക്കുന്നത്. അബുദാബി അല്‍ ദാഫ്റാ തീയ്യേറ്ററിലാണ് ചലച്ചിത്രോല്‍സവം. ഇന്ത്യയില്‍ നിന്നുള്ള 9 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.ആടുംകൂത്ത്, പഥേര്‍ പഞ്ചലി, ഒരേ കടല്‍, ചാരുലത, നായി നരേലു തുടങ്ങിയ ചിത്രങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്.

ഇന്ത്യന്‍ ചലച്ചിത്ര ലോകത്തു നിന്ന് ടി.വി.ചന്ദ്രന്‍, ഗിരീഷ് കാസറവള്ളി, ശ്യാമപ്രസാദ്, നവ്യാ നായര്‍ തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിച്ചു.

ഒട്ടേറെ അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള 'ആടുംകൂത്തി'ന്റെ പ്രദര്‍ശനത്തോടെ ആരംഭിച്ച ചലച്ചിത്രോത്സവത്തില്‍ ശൈലിയിലും ആഖ്യാനത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന ഒമ്പത് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.

അബുദാബിയിലെ ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് സംഘടിപ്പിച്ചു വരുന്ന ചലച്ചിത്രോത്സവത്തിലെ നാലാം വര്‍ഷമായ ഇത്തവണ ഇന്ത്യയിലെ വിവിധ ഭാഷകളിലുള്ള സിനിമകള്‍ക്ക് പുറമെ യു.എ.ഇ.യിലെ സംവിധായകരുടെ ഹ്രസ്വചിത്രങ്ങള്‍, കുട്ടികള്‍ക്കുള്ള സിനിമകള്‍, സത്യജിത്‌റേയുടെ റെട്രോസ്പക്ടീവ് എന്നിവയും ഉണ്ടായിരിക്കും. സിനിമാ പ്രദര്‍ശനത്തെ തുടര്‍ന്ന് സംവിധായകനായ ടി.വി.ചന്ദ്രന്‍, മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച നവ്യാ നായര്‍ എന്നിവരുമായുള്ള മുഖാമുഖവും ഒരുക്കിയിട്ടുണ്ട്.

ഗിരീഷ് കാസറവള്ളിയുടെ നായ്‌നെരുലു, ഉത്തരായന്‍, അപര്‍ണാസെന്നിന്റെ മിസ്റ്റര്‍ ആന്‍ഡ് മിസിസ്സ് അയ്യര്‍, ശ്യാമപ്രസാദിന്റെ 'ഒരേ കടല്‍' വൃന്ദ കാരാട്ടും സുഭാഷിണി അലിയും അഭിനയിച്ച സോണാലി സോസിന്റെ അമു, സത്യജിത്‌റേയുട പഥേര്‍പാഞ്ചാലി, ചാരുലത എന്നിവയാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന പ്രധാന ചിത്രങ്ങള്‍.

11 വരെ നീണ്ടുനില്‍ക്കുന്ന ചലച്ചിത്രോത്സവത്തില്‍ പ്രധാന ചിത്രങ്ങള്‍ അബുദാബി കള്‍ച്ചറല്‍ ഫൗണ്ടേഷനിലെ അല്‍ദഫ്‌റ തിയേറ്ററിലാണ് പ്രദര്‍ശിപ്പിക്കുക. പ്രവേശനം സൗജന്യമാണ്. അര്‍ത്ഥപൂര്‍ണമായ ചലച്ചിത്രങ്ങള്‍ തേടിയുള്ള ആസ്വാദകരുടെ അന്വേഷണത്തിന് വേദിയൊരുക്കുകയാണ് ഇന്ത്യന്‍ അവാര്‍ഡ് ചലച്ചിത്രോത്സവം കൊണ്ടുദ്ദേശിക്കുന്നതെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഷംനാദ് പറഞ്ഞു.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്