12 May 2008

സിനിമ നിറം പിടിപ്പിച്ച നുണ: എം.എ.ബേബി

സകല കലകളുടേയും സംഗമ വേദിയാണ്‌ സിനിമയെങ്കിലും സിനിമയില്‍ ജീവിത സത്യങ്ങളും സാമൂഹിക സത്യങ്ങളും നിറം പിടിപ്പിച്ച നുണകളായിട്ടാണ്‌ ജനങ്ങളുടെ മുന്നിലെത്തുന്നതെന്ന്‌ മന്ത്രി എം.എ. ബേബി അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ചിത്രാഞ്ജലി സ്‌റ്റുഡിയോയില്‍ കഴിഞ്ഞ വെള്ളിയാഴ്ച സ്ഥാപിച്ച പുതിയ കളര്‍ മാസ്റ്റര്‍ ഡിജിറ്റല്‍ അപ്‌ഗ്രഡേഷന്‍ കിറ്റായ കളര്‍ അനലൈസര്‍ ഉല്‍ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി.




വലിയ വ്യവസായം ആയതുകൊണ്ട്‌ സിനിമ കല അല്ലാതാകുന്നില്ല. കലാപരമായ വന്‍ വ്യവസായമാണ്‌ ഇന്ന് സിനിമ. അതില്‍ കലയുടെ തനിമ ചോര്‍ത്തുന്ന മൂലധന നിക്ഷേപകരുടെ കൈകടത്തല്‍ വളരെ സൂക്ഷിച്ച്‌ ചെയ്യേണ്ടതുണ്ട്‌. വക്രീകരണം സിനിമയ്ക്ക്‌ അനിവാര്യമാണെന്നും അല്ലാതെ കഥയ്ക്ക്‌ മേമ്പൊടി ഉണ്ടാകുന്നില്ലെന്നും എം.എ.ബേബി പറഞ്ഞു.




താര പരിവേഷത്തിലൂടെയുള്ള മലയാള സിനിമയുടെ പോക്ക്‌ മ്യൂല്യച്യുതിക്ക്‌ കാരണമായതെന്ന്‌ ചടങ്ങില്‍ അധ്യക്ഷനായിരുന്ന കെ.എസ്‌.എഫ്‌.ഡി.സി ചെയര്‍മാന്‍ കെ.ജി.ജോര്‍ജ്‌ അഭിപ്രായപ്പെട്ടു.




ഒരു സിനിമയുടെ ഓരോ ഷോട്ടിനും വേണ്ടുന്ന നിറങ്ങളെ സംയുക്തം നിര്‍ണയിക്കാന്‍ ഫിലിം ലാബില്‍ ഉപയോഗിക്കുന്ന ഉപകരണമാണ്‌ കളര്‍ അനലൈസര്‍. ചിത്രീകരണ സമയത്ത്‌ ഛായാഗ്രാഹകന്‌ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുള്ള എക്‌സ്‌പോഷര്‍ വ്യതിയാനങ്ങള്‍, സൂര്യപ്രകാശത്തിലും ഉപയോഗിക്കുന്ന ലൈറ്റുകളിലുള്ള കളര്‍ ടെമ്പറേച്ചര്‍ വ്യതിയാനങ്ങള്‍ എന്നിവയൊക്കെ ഗ്രേഡിംഗിലൂടെ ക്രമീകരിച്ചെടുക്കാനും വിഷ്വല്‍ എഫക്‍റ്റ്‌സ്‌ സൃഷ്‌ടിച്ചെടുക്കാനും കളര്‍ അനലൈസറില്‍ സാധിക്കും.





ഇംഗ്ലണ്ടിലെ ആര്‍.ഐ.ടി.ഗ്രൂപ്പ്‌ കമ്പനിയില്‍ നിന്നാണ്‌ 35 ലക്ഷം രൂപ വിലയുള്ള ഉപകരണം വാങ്ങിയത്‌. ഇതോടെ കളര്‍ പ്രൊസസിംങ്ങിന്‌ സിനിമാ പ്രവര്‍ത്തകര്‍ ചെന്നൈയില്‍ പോകുന്നത്‌ ഒഴിവാക്കാം.

Salih Kallada




  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്