11 December 2008

ബൂലോഗത്തില്‍ നിന്ന് ഒരു സിനിമ

മലയാളം ബ്ലോഗ് സ്വതന്ത്രമായ ഒരു എഴുത്തിടം മാത്രമല്ലെന്ന് സമീപ കാലം തെളിയിക്കുന്നു. അന്‍‌വര്‍ അലി, പി. പി. രാമ ചന്ദ്രന്‍, എം. കെ. ഹരി കുമാര്‍, ഗോപീ കൃഷ്ണന്‍, ബി. ആര്‍. പി. ഭാസ്കര്‍ തുടങ്ങിയ പ്രമുഖ എഴുത്തുകാര്‍ ബ്ലോഗില്‍ സജീവ സാന്നിദ്ധ്യമായതും ബ്ലോഗിനെ ക്കുറിച്ച് മാതൃഭൂമി പോലുള്ള പ്രമുഖ പ്രസിദ്ധീ കരണങ്ങള്‍ ഗൌരവത്തോടെ ചിന്തിക്കാന്‍ തുടങ്ങിയതും ഈ ഇടക്കാലത്താണ്.




ബ്ലോഗില്‍ നിന്ന് അച്ചടിച്ച പുസ്തകങ്ങള്‍ എന്നതിന്റെ പ്രാരംഭ ചര്‍ച്ചകള്‍ അണിയറയില്‍ നടക്കുമ്പോള്‍ തന്നെ ബ്ലോഗില്‍ നിന്നൊരു ചലച്ചിത്രം ഉരുവം കൊള്ളുന്നു. വായുവില്‍ ജനിച്ച ഭാവനകള്‍ പുസ്തകത്തിലേക്കും, ചലിക്കുന്ന ഫ്രെയിമുകളിലേക്കും ആലേഖനം ചെയ്യപ്പെടുകയാണ്. ഇതൊരു പക്ഷേ മലയാള ബ്ലോഗിന് ഒരു വഴിത്തിരി വായേക്കാം. നേരമ്പോക്കാണ് ബ്ലോഗിങ്ങ് എന്ന ധാരണ തിരുത്തി യെഴുതാന്‍ ഈ സംരംഭങ്ങള്‍ക്ക് കഴിഞ്ഞേക്കാം.




അക്ഷരാ ര്‍ത്ഥത്തില്‍ ബ്ലോഗില്‍ നിന്നുള്ള ചലച്ചിത്രം എന്ന് വിശേഷി പ്പിക്കാവുന്ന സംരംഭമാണ് പരോള്‍. പ്രവാസം കുട്ടികളില്‍ നിന്നും നഷ്ടമാക്കുന്ന ജീവിതമാണ് കഥാ തന്തു. കാഴ്ച ചലച്ചിത്ര വേദിയുടെ ബാനറില്‍ നിര്‍മ്മാണം നിര്‍വഹിക്കുന്നത് ബ്ലോഗ് മുഖാന്തിരമുണ്ടായ ഒരു സൌഹൃദ സംഘമാണ്.




തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത് ഏറെ ക്കാലമായി ബ്ലോഗില്‍ സജീവമായി നില്‍ക്കുന്ന രണ്ടു പേരാണ്.




സങ്കുചിതന്‍ എന്ന പേരില്‍ എഴുതുന്ന കെ. വി. മണികണ്ഠന്റെ ബ്ലോഗായ സങ്കുചിതത്തിലെ പരോള്‍ എന്ന ചെറുകഥയ്ക്ക് അദ്ദേഹം തന്നെ തയാറാക്കിയ തിരക്കഥയാണ് പരോള്‍ എന്ന പേരില്‍ വീഡിയോ ചലച്ചിത്രമാകുന്നത്. സനാതനന്‍ എന്ന സനല്‍ ശശിധരന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പട്ടാമ്പിയില്‍ ചാത്തന്നൂരില്‍ വച്ച് നവംമ്പര്‍ 25 , 26, 27, 28 തീയതികളില്‍ നടക്കും.




ഛായാഗ്രഹണം നിര്‍വഹിക്കുന്നത് പ്രശസ്ത ഛായാഗ്രാഹകന്‍ എം. ജെ. രാധാകൃഷ്ണന്റെ സഹായിയും ബ്ലോഗറുമായ റെജി പ്രസാദ് ആണ്. കലാ സംവിധാനം ഡിസ്നി വേണു.




അഭിനേതാ ക്കളിലുമുണ്ട് ബ്ലോഗിന്റെ സാന്നിദ്ധ്യം. ഒരു പ്രമുഖ കഥാപാത്രത്തെ അവതരി പ്പിക്കുന്നത് ബ്ലോഗറായ കുമാറിന്റെ മകള്‍ കല്യാണിയാണ്.




കരമന സുധീര്‍, സന്ധ്യ രമേഷ്, വിജയന്‍ ചാത്തന്നൂര്‍, വത്സല ബാലഗോപാല്‍, വിപ്ലവം ബാലന്‍, രെജീഷ്. പി, സിജി, അഭിജിത്, കുഞ്ചോ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.




ഡിസംബര്‍ ആദ്യ വാരത്തോടെ ചിത്രത്തിന്റെ പ്രഥമ പ്രദര്‍ശനം തിരുവനന്തപുരം പ്രസ് ക്ലബില്‍ വച്ചു നടക്കും.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്