22 April 2009

മിനി സ്ക്രീനിലെ പാട്ടെഴുത്തുകാരന്‍


 
"കണ്ണന്റെ കാലടി ചുംബിക്കും തിരകളില്‍
നിന്നോര്‍മ്മ പല വട്ടം നീന്തി ത്തുടിച്ചതും
തളിരിട്ട മോഹങ്ങള്‍ പൂത്തു നില്‍ക്കുമ്പോള്‍
ഇള വെയിലേല്‍ക്കുവാന്‍ പോരുമോ കണ്മണീ....."
 
ഷലീല്‍ കല്ലൂര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'മേഘങ്ങള്‍' എന്ന ടെലി സിനിമയിലെ ഈ വരികള്‍ എഴുതിയത് ഹാരിഫ് ഒരുമനയൂര്‍.
 
അഷ്റഫ് മഞ്ചേരി യുടെ സംഗീതത്തില്‍ അനുപമ പാടിയ ഈ ഗാനം കഴിഞ്ഞ ദിവസം അജ്മാനിലെ ഒരു ഷോപ്പിങ്ങ് മാളില്‍ ചിത്രീകരിക്കുക യായിരുന്നു. മേഘങ്ങളുടെ സഹ സംവിധായകന്‍ കൂടിയാണ് ഹാരിഫ്.
 
ഗുരുവായൂര്‍ ശ്രീ കൃഷ്ണ കോളേജില്‍ പ്രീഡിഗ്രീക്ക് പഠിച്ചു കൊണ്ടി രിക്കുമ്പോള്‍, സി. എല്‍. ജോസിന്റെ 'അമര്‍ഷം' എന്ന നാടകത്തിനു പാട്ടുകള്‍ എഴുതി കൊണ്ടാണ് ഗാന രചനയിലേക്ക് ഹാരിഫ് കടന്നു വന്നത് .
 
വിദ്യാധരന്‍, മോഹന്‍ സിതാര, ദേവീകൃഷ്ണ, ഡേവിഡ് ചിറമ്മല്‍ എന്നീ സംഗീത സംവിധായകര്‍ ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനും എട്ടോളം നാടക ങ്ങള്‍ക്ക് ഗാന രചന നിര്‍വ്വഹിക്കാനും സാധിച്ചു. നാടക ലോകത്തെ സൌഹൃദങ്ങളും അനുഭവങ്ങളുമാണ്‌ അദ്ദേഹത്തെ സിനിമയുടെ ലോകത്ത് എത്തിച്ചത്.
 
മലയാളത്തിലെ പ്രമുഖ ബാനറായിരുന്ന 'പ്രിയ ഫിലിംസ്' ഉടമ എന്‍. പി. അബു വുമായുള്ള ബന്ധം, 1986 ല്‍ ഹാരിഫിനെ ചെന്നൈ വിക്ടറി ഫിലിം ഇന്‍സ്ടിട്യൂട്ടില്‍ എത്തിച്ചു.
 
അവിടെ നിന്നും തിരക്കഥയിലും സംവിധാനത്തിലും ഡിപ്ലോമ എടുത്ത്, ആ കാലഘട്ട ത്തിലെ മലയാളത്തിലെ ശ്രദ്ധേയരായ സംവിധായകര്‍ പി. കെ. കൃഷ്ണന്‍, വിജയ കുമാര്‍, പി. എ. ഉണ്ണി എന്നിവരുടെ അസ്സോസിയേറ്റ് ആയി പ്രവര്‍ത്തിച്ചു. ദേശീയ അംഗീകാരം നേടിയ എഡിറ്റര്‍ എസ്. അയ്യപ്പന്റെ അസിസ്റ്റന്റ് ആയും പ്രവര്‍ത്തിച്ചിരുന്നു.
 
കവിത യുടെയും സാഹിത്യ ത്തിന്റെയും വഴികളിലൂടെ സഞ്ചരിച്ച്, സിനിമയുടെ മായിക ലോകത്ത് തന്റെ വൈഭവം തെളിയിച്ച്, ഇപ്പോള്‍ ഒരു പ്രവാസിയായി യു. എ. ഇ. യില്‍ കഴിയുന്നു.
 
സിനിമയും സാഹിത്യവും മനസ്സിനുള്ളില്‍ ഒതുക്കി ജീവിത ത്തിലെ സ്വപ്നങ്ങള്‍ക്ക് നിറം പകരാനുള്ള ഊര്‍ജം തേടി ഗള്‍ഫില്‍ എത്തി. നീണ്ട പതിനഞ്ചു വര്‍ഷം ശരാശരി പ്രവാസി യായി കഴിയുമ്പോളും, തന്റെ ഉള്ളില്‍ കനലായി എരിഞ്ഞു കൊണ്ടിരിക്കുന്ന കഥകളും കവിതകളും കടലാസിലേക്ക് പകര്‍ത്തിയിരുന്നു.
 
ഗള്‍ഫില്‍ എത്തിച്ചേര്‍ന്ന ആദ്യ നാളുകളില്‍, ഇവിടത്തെ കലാ പ്രവര്‍ത്ത നങ്ങളെ കൌതുക ത്തോടെ കണ്ടു നിന്നിരുന്ന ഹാരിഫ്, നാട്ടുകാരുടെ കൂട്ടായ്മ ഒരുമ ഒരുമനയൂര്‍ രൂപീകരണത്തോടെ, വീണ്ടും കലാരംഗത്ത് സജീവമായി.
 
ഇപ്പോള്‍ ഒരുമയുടെ കലാ വിഭാഗം സിക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു. അബുദാബി യിലെ നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ നാടക സൌഹൃദത്തിലും സഹകരിക്കുന്നു.
 
യു. എ. ഇ. യിലെ അക്ഷര ക്കൂട്ടം സംഘടിപ്പിച്ച സാഹിത്യ മത്സരത്തില്‍, 2008 ലെ ഏറ്റവും മികച്ച കവിത യായി ഹാരിഫിന്റെ 'വിളിപ്പാടകലെ' തിരഞ്ഞെടുത്തു.
 
ഈയിടെ യു. എ. ഇ. യില്‍ ചിത്രീകരിച്ച അഞ്ച് ടെലി സിനിമകള്‍ക്ക് പാട്ടുകള്‍ എഴുതുകയും സഹ സംവിധായകനായി പ്രവര്‍ത്തിക്കുകയും ചെയ്തു.
 
ഏഷ്യാനെറ്റില്‍ ടെലി കാസ്റ്റ് ചെയ്ത മുഷ്താഖ് കരിയാടന്റെ 'ആര്‍പ്പ്' എന്ന സിനിമ ഒരു വഴിത്തിരിവായി. ഈ ടെലി സിനിമയിലെ
 
'രാപ്പാടി വീണ്ടും പാടുന്നോരീണം ..
ആത്മാവിലേതോ തേങ്ങലായ് മാറീ...
സൌവര്‍ണ്ണ സന്ധ്യകള്‍ ഓര്‍ക്കുകയില്ലിനി
നിന്‍ നെഞ്ചില്‍ ഓമനിച്ച അഴകിന്റെ ചിത്രം.... "
 
എന്ന ഗാനം ഹാരിഫിനു ഒട്ടേറെ അഭിനന്ദനങ്ങള്‍ നേടി ക്കൊടുത്തു.
 
മലയാള സിനിമയിലെ പ്രശസ്തരായ സംഗീത സംവിധായകര്‍ ബേണി ഇഗ്നേഷ്യസ്സിന്റെ സംഗീതത്തിനു വരികള്‍ എഴുതാനും ഭാഗ്യം ലഭിച്ചു.
 
അബുദാബിയിലെ സാം ഏലിയാസ് നായകനായി അഭിനയിച്ച് സംവിധാനം ചെയ്ത 'ഒരു പുഴ യൊഴുകും വഴി ' എന്ന ടെലി സിനിമക്കു വേണ്ടിയായിരുന്നു അത്.
 
സിനിമയിലെ പോലെ ട്യൂണിട്ട് പാട്ടെഴുതുന്ന രീതിയാണു ഈ ടെലി സിനിമയിലും ചെയ്തത്.
 
ഗാന രചയിതാക്കളെ സംബന്ധിച്ചു വളരെ ശ്രമകരമായ ഒരു ദൌത്യമാണ് ഇതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഈ ചിത്രത്തിന്റെ സഹ സംവിധായകന്‍ കൂടിയാണു ഹാരിഫ്.
 
2007ലെ അറ്റ്ലസ് - ജീവന്‍ ടെലി ഫെസ്റ്റില്‍ അവാര്‍ഡ് നേടിയ 'ദൂരം' എന്ന സിനിമക്കു ശേഷം മാമ്മന്‍ കെ. രാജന്‍ സംവിധാനം ചെയ്യുന്ന 'ജുവൈരിയായുടെ പപ്പ' എന്ന സിനിമയിലും ഹാരിഫിന്റെ സാന്നിധ്യമുണ്ട്.
 




അതു പോലെ മറ്റു ചില സംരംഭങ്ങളുമായി സഹകരിക്കാന്‍ തയ്യാറായി നില്‍ക്കുമ്പോഴും, സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ടെലി സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു.
 



 
ഫോക്കസ് മീഡിയ നിര്‍മ്മിക്കുന്ന "സ്നേഹിത" എന്ന ചിത്രത്തില്‍, ഗള്‍ഫിലെ ഇടത്തരം കുടുംബ ങ്ങളില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ നര്‍മ്മം കലര്‍ത്തി പ്രേക്ഷകര്‍ക്ക് ഒരു സന്ദേശമാക്കി അവതരിപ്പിക്കാനാണു ഹാരിഫ് ഉദ്ദേശിക്കുന്നത്.
 
ഇ മെയില്‍ : pmharif at yahoo dot com (050 53 84 596)
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 
  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

എല്ലാ ഭാവുകങ്ങളും നേരുന്നു....

-ഷാജി-

April 25, 2009 at 10:21 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്




ആര്‍ക്കൈവ്സ്