03 July 2009

'THE മൂട്ട' പ്രദര്‍ശനത്തിനു തയ്യാറായി

‘മറിയാമ്മക്കായി’ എന്ന ഹാസ്യ വീഡിയോ ആല്‍ബത്തിനു ശേഷം ജെന്‍സണ്‍ ജോയ് സംവിധാനം ചെയ്യുന്ന ആക്ഷേപ ഹാസ്യ വീഡിയോ ആല്‍ബമായ 'THE മൂട്ട' പ്രദര്‍ശനത്തിനു തയ്യാറായി. ബാച്ച്ലര്‍ മുറികളില്‍ ഡ്രാക്കുള എന്ന് ഓമന പ്പേരിട്ടു വിളിക്കുന്ന ഒരു കൊച്ചു ജീവിയായ മൂട്ട യുടെ ലീലാ വിലാസങ്ങള്‍ കൊണ്ട് പ്രയാസം അനുഭവിക്കുന്ന പ്രവാസിയുടെ ദൈനം ദിന ജീവിതത്തിലെ പ്രശ്നങ്ങളുടേയും, പ്രതിബന്ധങ്ങളുടേയും കഥ ഹാസ്യ രൂപേണ അവതരിപ്പിക്കുമ്പോള്‍ തന്നെ ഇതിന്‍റെ മറു പുറമായ ആഘോഷങ്ങളും ആകര്‍ഷകമായി ഇതില്‍ ചിത്രീകരിച്ചിരിക്കുന്നു.
 
അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍‍ സംഘടിപ്പിച്ച ആദ്യ പ്രദര്‍ശനത്തില്‍ തന്നെ കാണികളുടെ പ്രശംസ നേടിയ ഈ ആല്‍ബത്തെ കുറിച്ച് സംവിധായകനു വലിയ പ്രതീക്ഷയാണ് ഉള്ളത്. എല്ലാ തരം പ്രേക്ഷകര്‍ക്കും ആസ്വദിക്കാനാവും വിധം ഒരുക്കിയിരിക്കുന്ന 'THE മൂട്ട' ജനൂസിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്നത് ജനാര്‍ദ്ദനന്‍ നായര്‍ ആണ്. ക്യാമറ കൈകാര്യം ചെയ്തത് ജോണി ഫൈന്‍ ‍ആര്‍ട്സ്. സംവിധായകനായ ജെന്‍സണ്‍ ജോയ് എഴുതിയ വരികള്‍ പാടിയിരിക്കുന്നത് അമല്‍ ആന്‍റണി.
 
അബുദാബിയിലെ ഗള്‍ഫ് ഫൈന്‍ ആര്‍ട്സിലെ അദ്ധ്യാപകരാ‍യ ധനേഷ്, സാംസണ്‍ കലാഭവന്‍ എന്നിവര്‍ ചേര്‍ന്ന് സംഗീതം ചെയ്തിരിക്കുന്നു.
 
കൊച്ചിന്‍ കലാഭവന്‍റെ ടൈറ്റില്‍ ഗാനം അടക്കം നിരവധി സിനിമകള്‍ക്കും സംഗീത സംവിധാനം നിര്‍വ്വഹിച്ച സാംസണ്‍, സംഗീത ലോകത്തിനു ഒരു മുതല്‍കൂട്ട് ആയിരിക്കുമെന്ന് 'THE മൂട്ട' എന്ന ഈ ആല്‍ബത്തിലെ ഗാനവും തെളിയിക്കും.
 
യു. എ. ഇ. യിലെ നാടക രംഗത്തും, ടെലിവിഷന്‍ രംഗത്തും ശ്രദ്ധേയരായ മലയാളി കലാകാരന്‍ മാരോടൊപ്പം, ഇതര സംസ്ഥാനക്കാരും, വിദേശികളും 'THE മൂട്ട' യില്‍ പ്രത്യക്ഷപ്പെടുന്നു.
 
മികച്ച സൈബര്‍ പത്ര പ്രവര്‍ത്തകനുള്ള 2009 ലെ സഹൃദയ പുരസ്കാരം നേടിയ e പത്രം അബുദാബി കറസ്പോണ്ടന്റ് പി. എം. അബ്ദുല്‍ റഹിമാന്‍ ഈ ആല്‍ബത്തിന്റെ പിന്നണി പ്രവര്‍ത്തകനും അഭിനേതാവുമാണ്.
 
ഇപ്പോള്‍ സെന്‍സര്‍ ചെയ്തു കഴിഞ്ഞ ഈ ആല്‍ബം, മലയാളത്തിലെ എല്ലാ ചാനലുകളിലും ജുലായ് ആദ്യ വാരം മുതല്‍ ടെലികാസ്റ്റ് ചെയ്യും.
 
 
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്