02 February 2010

മലയാളിയുടെ ഹനീഫ്‌ക്ക വിട പറഞ്ഞു

Cochin-Haneefaഉച്ചയോടെ മലയാള മാധ്യമങ്ങളില്‍ വന്ന ബ്രേക്കിംഗ്‌ ന്യൂസ്‌ മലയാളിയെ ഒരു നിമിഷം ഞെട്ടിച്ചു കാണും. അവരുടെ പ്രിയപ്പെട്ട കൊച്ചിന്‍ ഹനീഫയുടെ മരണ വാര്‍ത്തയായിരുന്നു അത്‌. അല്‍പം മുമ്പ്‌ വരെ സ്ക്രീനില്‍ കണ്ട, തങ്ങളെ ചിരിപ്പിച്ച ആ മനുഷ്യന്‍ വിട വാങ്ങിയെന്ന് വിശ്വസിക്കുവാന്‍ അവര്‍ക്കായില്ല. അമ്പരപ്പില്‍ നില്‍ക്കുമ്പോള്‍ മറ്റൊരു വാര്‍ത്ത വരുന്നു - അദ്ദേഹം മരിച്ചിട്ടില്ല, അത്യന്തം ഗുരുതരാ വസ്ഥയില്‍ ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഇപ്പോഴും ജീവനോടെ ഉണ്ടെന്ന്. ആശ്വാസത്തിന്റെ നിമിഷങ്ങള്‍. എന്നാല്‍ അത്‌ അധികം നീണ്ടു നിന്നില്ല. മണിക്കൂറു കള്‍ക്കകം അത്‌ സംഭവിച്ചു. അതെ, മലയാളിയുടെ സ്വന്തം ഹനീഫ്‌ക്ക യാത്രയായി.
 
മുതിര്‍ന്നവര്‍ക്ക്‌ മാത്രമല്ല കൊച്ചു കുട്ടികള്‍ക്കു പോലും ഇത്രയും അടുപ്പം ഉള്ള ഒരു നടന്‍ മലയാള സിനിമയില്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല. അവര്‍ക്ക്‌ അദ്ദേഹം ഹനീഫയല്ല, ഹനീഫ്‌ക്കയാണ്‌. അതു കൊണ്ടു തന്നെ മലയാളി കൊച്ചിന്‍ ഹനീഫയെന്ന നടന്‍ അവതരിപ്പിച്ച ഹാസ്യ കഥാപാത്രങ്ങളെ അഭ്രപാളിയില്‍ നിന്നും ഹര്‍ഷാരവ ത്തോടെയാണ്‌ മനസ്സിലേറ്റിയത്‌. നടനും പ്രേക്ഷകനും തമ്മില്‍ ഉള്ള ആത്മ ബന്ധം എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം ഇതിനെ. കേവലം ഒരു സിനിമാ നടന്‍, അതും ഹാസ്യ നടന്‍ എന്നതിനപ്പുറം അവര്‍ക്ക്‌ അദ്ദേഹം സ്വന്തം ഹനീഫ്‌ക്കയാണ്‌. അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളും സംവിധാനം ചെയ്ത സിനിമകളും മാത്രമല്ല തന്റെ പെരുമാറ്റ ത്തിലൂടെയും കൂടെ അദ്ദേഹം സ്വന്തമാക്കിയതാണ്‌. ഒരു സിനിമാ നടന്‍ എന്ന നിലയില്‍ പൊതു സമൂഹത്തില്‍ നിന്നും വേറിട്ടു നില്‍ക്കാതെ തന്റെ ചുറ്റുപാടു മുള്ളവരുമായി സദാ സംവദിക്കുന്ന സ്വഭാവക്കാരന്‍ ആയിരുന്ന ഹനീഫക്ക്‌ വലിയ ഒരു സൗഹൃദ വലയം ഉണ്ടായിരുന്നു. കമല്‍, രജനീ കാന്ത്‌, കരുണാനിധി യെപ്പോലുള്ള ജയലളിത യെപ്പോലുള്ള മുതിര്‍ന്ന രാഷ്ടീയ / സിനിമാ പ്രവര്‍ത്തകരുമായി അദ്ദേഹത്തി നുണ്ടായിരുന്ന അടുത്ത ബന്ധം അത്‌ സാക്ഷ്യപ്പെടുത്തുന്നു.
 
സലീം അഹമ്മദ്‌ ഘൗഷ്‌ എന്ന കൊച്ചിക്കാരന്‍ മിമിക്രിയിലൂടെയും നാടകത്തിലൂടെയും കലാ രംഗത്ത്‌ കടന്നു വരുമ്പോള്‍ കൊച്ചിന്‍ ഹനീഫയായിട്ടില്ല. ഒരു നാടകത്തില്‍ അവതരിപ്പിച്ച കഥാപാത്ര ത്തിന്റെ പേരു പിന്നീട്‌ സ്വന്തമാകു കയായിരുന്നു. ഒരു കലാകാരനെ സംബന്ധി ച്ചേടത്തോളം അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടുന്നത്‌ വലിയ ഒരു അംഗീകാരമാണെന്ന് അദ്ദേഹം കരുതി ക്കാണണം. അതു കൊണ്ടു തന്നെ സിനിമയില്‍ എത്തിയപ്പോഴും ആ പേരിനു മാറ്റമുണ്ടായില്ല. വില്ലനില്‍ നിന്നും ഹാസ്യ കഥാപാത്ര ങ്ങളിലേക്കുള്ള ചുവടു മാറ്റത്തിനി ടയില്‍ ഹനീഫ മലയാളിക്ക്‌ സ്വന്തം ഹനീഫ്‌ക്കയായി. മിമിക്രി വേദികളില്‍ അദ്ദേഹത്തിന്റെ പല കഥാപാത്രങ്ങളും അവതരിപ്പിച്ച് കയ്യടി നേടിയവര്‍ നിരവധി. ഇതില്‍ കിരീടത്തിലെ ഹൈദ്രോസ്‌ ആയിരിക്കാം ഒരു പക്ഷെ ഏറ്റവും കൂടുതല്‍ അവതരി പ്പിക്കപ്പെട്ടത്‌. കാരണം കൊച്ചിന്‍ ഹനീഫയെന്ന് കേട്ടാല്‍ മലയാളിയുടെ മനസ്സിലേക്ക്‌ ആദ്യം ഓടിയെത്തുന്നതും ആ കഥാപാത്ര മായിരിക്കും. അത്രക്ക്‌ മികവോടെ യായിരുന്നു അദ്ദേഹം ആ കഥാപാത്രത്തെ അവതരിപ്പിച്ചത്‌. ഏത്‌ അവാര്‍ഡിനേക്കാളും തിളക്കമുള്ള അംഗീകാരം.
 
സിനിമാ ജീവിതത്തിന്റെ ആദ്യ കാലത്ത്‌ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ അധികവും വില്ലന്‍ ടച്ചുള്ളവ ആയിരുന്നെങ്കില്‍ പിന്നീട്‌ അത്‌ ഹാസ്യ കഥാപാത്ര ങ്ങളിലേക്ക്‌ വഴി മാറി. കിരീടത്തിലെ ഹൈദ്രോസ്‌ എന്ന ഗുണ്ടയുടെ വേഷം ഹനീഫയുടെ അഭിനയ ജീവിതത്തിലെ മാത്രമല്ല മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഇടം നേടിയ കഥാപാത്രമാണ്‌. രൂപ ഭാവങ്ങളില്‍ ഭീതി യുണര്‍ത്തുന്ന എന്നാല്‍ ഭീരുവായ ഗുണ്ടയെ നമ്മുടെ നാട്ടിന്‍പുറ ങ്ങളില്‍ പോലും ഒരു കാലത്ത്‌ കണ്ടെടുക്കുവാന്‍ ആകുമായിരുന്നു. അത്തരം ഒരു ഗുണ്ടയെ അന്തരിച്ച ലോഹിത ദാസ്‌ എന്ന എഴുത്തുകാരന്‍ സൃഷ്ടിച്ചപ്പോള്‍ അതിന്റെ എല്ലാ ഭാവഹാവാദികളോടും കൂടെ, തനിമയൊട്ടും ചോര്‍ന്നു പോകാതെ, ഹനീഫ അഭ്രപാളിയില്‍ അനശ്വരമാക്കി.
 
അതു പോലെ മീശ മാധവനിലെ ത്രിവിക്രമന്‍ എന്ന പ്രാദേശിക രാഷ്ടീയക്കാരനും, പഞ്ചാബി ഹൗസിലെ ഗംഗാധരനും, ദേവാസുരത്തില്‍ മദ്രാസില്‍ ചായക്കട നടത്തുന്ന കഥാപാത്രവും പറക്കും തളികയിലെ പോലീസുകാരനും അങ്ങിനെ പറഞ്ഞാല്‍ തീരാത്തത്ര കഥാപാത്രങ്ങള്‍.
 
അടൂര്‍ഭാസി - ബഹദൂര്‍ കോമ്പിനേഷന്‍ മലയാള സിനിമയില്‍ വളരെ പ്രസിദ്ധമാണ്‌. അത്തരത്തില്‍ ഒരു കോമ്പിനേഷന്‍ പിന്നീട്‌ കാണുന്നത്‌ ഹരിശ്രീ അശോകന്‍ - ഹനീഫ കോമ്പിനേഷന്‍ ആണ്‌. പഞ്ചാബി ഹൗസ്‌, പറക്കും തളിക തുടങ്ങി ഇവര്‍ തകര്‍ത്തഭിനയിച്ച പല സീനുകളും തീയേറ്ററുകളിലും ടി.വിക്കു മുമ്പിലും ചിരിയുടെ മാലപ്പടക്കത്തിനു തിരി കൊളുത്തി. ദുര്‍ബലമായ രചനകളില്‍ ഉരുത്തിരിയുന്ന ഹാസ്യത്തിന്റെ അവതരണത്തില്‍ പലപ്പോഴും പാളി പ്പോകാവുന്ന വേളകളില്‍, തന്റെ പ്രതിഭ ഒന്നു കൊണ്ടു മാത്രം അവയെ അരോചകമാകാതെ അവതരിപ്പിക്കുവാന്‍ അദ്ദേഹത്തിനായി. ദിലീപ്‌ ചിത്രങ്ങളില്‍ കൊച്ചിന്‍ ഹനീഫയും ഹരിശ്രീ അശോകനും അവിഭാജ്യ ഘടകമായി. ദിലീപിന്റെ കരിയറിലെ മികച്ച ചിത്രങ്ങളില്‍ ഹനീഫയുടെ സാന്നിധ്യം അനിവാര്യ മായിരുന്നു എന്ന് വേണമെങ്കില്‍ പറയാം. മലയാളി പ്രേക്ഷകന്‍ ആ കോമ്പിനേഷന്‍ വളരെ അധികം ആസ്വദിച്ചിരുന്നു. അദ്ദേഹം അവസാനമായി അഭിനയിച്ചതും ദിലീപ്‌ ചിത്രത്തില്‍ ആയത്‌ വിധിയുടെ നിയോഗമാകാം.
 
നടന്‍ എന്നതിനപ്പുറം തിരക്കഥാ കൃത്ത്, സംവിധായകന്‍ എന്നീ നിലയിലും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞ വാല്‍സല്യം മലയാളി എക്കാലവും ഓര്‍ക്കുന്ന മികച്ച ഒരു ചിത്രമാണ്‌. ജനത്തിന്റെ അംഗീകാരമാണ്‌ തനിക്കു ലഭിക്കുന്ന ഏറ്റവും വലിയ അവാര്‍ഡെന്ന് അദ്ദേഹം പറയുകയുണ്ടായി. ലോഹിത ദാസ്‌ സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡ്‌ ലഭിക്കുകയുണ്ടായി. ഭീഷ്മാചാര്യ, പറയാനും വയ്യ പറയാതിരിക്കാനും വയ്യ, കടത്തനാടന്‍ അമ്പാടി, പുതിയ കരുക്കള്‍ തുടങ്ങി ഏതാനും ചിത്രങ്ങളുടെ രചനയും അദ്ദേഹം നിര്‍വഹിച്ചു
 
മലയാള സിനിമക്കും തമിഴ്‌ സിനിമക്കും വലിയ ഒരു നഷ്ടമാണ്‌ ഹനീഫയുടെ വേര്‍പാടിലൂടെ ഉണ്ടാകുന്നത്‌. ഇത്തരം വേര്‍പാടുകള്‍ സൃഷ്ടിക്കുന്ന ശൂന്യത മറ്റുള്ളവര്‍ക്ക്‌ നികത്തുവാന്‍ ആകില്ല. അവര്‍ ഇവിടെ അടയാളപ്പെടുത്തി കടന്നു പോകുന്ന അനുഭവങ്ങളും അവതരിപ്പിച്ച വേഷങ്ങളും ജീവസ്സുറ്റ ഓര്‍മ്മകളും മാത്രമാണ്‌ അതിനൊരു ആശ്വാസമായി മാറുന്നത്‌.
 
- എസ്. കുമാര്‍
 
 

Labels:

  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

എന്നും ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തിയിരുന്ന ആ മഹാനടന്റെ വേർപാട് ഓരോ മലയാളിക്കും താങ്ങാവുന്നതിനപ്പുറമാണ്. ചിരിപ്പിച്ച് ചിരിപ്പിച്ച് നിനച്ചിരിക്കാത്ത നിമിഷത്തിൽ കണ്ണിൽ നനവുപടർത്തി കരളിൽ ഒരു പിടച്ചിൽ നൽകി അദ്ദേഹം യാത്രയായി. ഹനീഫ്ക്കായുടെ ആത്മാവിനു നിത്യശാന്തിനേരുന്നു...

ഒരു വായനക്കാരൻ

February 3, 2010 at 11:19 AM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്




ആര്‍ക്കൈവ്സ്