23 February 2009

പൂത്തൂ കൊണ്ടൊരു പൂക്കൂട്ടി

കൊല്ലം അഞ്ചല്‍ സ്വദേശി റസൂല്‍ പൂക്കുട്ടിയ്ക്ക് മികച്ച ശബ്ദ മിശ്രണത്തിനുള്ള ഓസ്‌കര്‍. ചരിത്രത്തില്‍ ആദ്യമായാണ് ഒരു മലയാളി ഈ നേട്ടം കൈവരിക്കുന്നത്. ഇന്ത്യന്‍ സിനിമാ ആരാധകരുടെ മനസ്സില്‍ ഒരു ചക്രവാളം പോലെ തെളിഞ്ഞു നില്‍ക്കുന്ന പേര് മുംബൈയില്‍ നിന്നുള്ള റസൂല്‍ പൂക്കൂട്ടി സൌണ്ട് ഡയറക്ടര്‍‍.




ഓസ്കര്‍ നോമിനേഷന്‍ ചെയ്ത പേരുകളില്‍ മലയാളി നാമധേയം എന്ന് കേട്ടയുടനെ ആളുകള്‍ ആരാണീ പുതിയ ചെറുപ്പക്കാരന്‍ എന്ന് ഇന്‍റര്‍നെറ്റിലും പത്രമാഫീസുകളിലും ചോദിച്ചു കൊണ്ടേയിരിക്കുന്നു.




റസൂല്‍ പൂക്കുട്ടി സ്ലം ഡോഗ് മില്യണര്‍ എന്ന സിനിമ കൊണ്ട് ഇന്ത്യന്‍ സിനിമയില്‍ തന്നെ അപരിചിതമായ നാമം ഒറ്റ ദിവസം കൊണ്ട് ലോകത്തിന്‍റെ നെറുകയില്‍.




കൊല്ലം ജില്ലയിലെ അഞ്ചല്‍ എന്ന സ്ഥലത്തുള്ള റസൂല്‍, പൂനേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിപ്പെടുന്നത് 1991ല്‍ ആണ്. അവിടെ നിന്ന് സൌണ്ട് റെക്കോഡിങ്ങ് സ്പെഷ്യലൈസ് ചെയ്ത Sync-sound Recording (on-location recording) റസൂല്‍ തന്‍റെ അരങ്ങേറ്റം കുറിക്കുന്നത് പ്രൈവറ്റ് ഡിറ്റക്റ്റീവ് എന്ന നസറുദ്ധീന്‍ ഷാ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയിലാണ്.




ദേവ് ബംഗളിയ്ടെ 'Split Wide Open അതു പോലെ സുനില്‍ സിപ്പി, റാഹുല്‍ ബോസ് എന്നിവരുടെ സിനിമയില്‍ നിന്ന് മികച്ചതും കൃത്യതയുള്ളതുമായ അനുഭവ സമ്പത്തുമായാണ് റസൂല്‍ തന്‍റെ വൈദഗ്ദ്ധ്യം തെളിയിക്കാന്‍ ലഗാന്‍, സാ‍ാരിയ, ബ്ലാക്, ഗാന്ധി മൈ ഫാദര്‍ എന്നി സിനിമകളിലൂടെ ഒരു പറക്കും തളിക പോലെ പ്രേക്ഷക ഹൃദയങ്ങളിലേക്ക് കുടിയേറുന്നത്. അപ്പോഴും സിനിമയുടെ അകത്തളങ്ങളില്‍ മാത്രം ചര്‍ച്ച ചെയ്യപ്പെട്ട പേര് മാത്രമായിരുന്നു അഞ്ചല്‍ക്കാരന്‍ റസൂല്‍ പൂക്കുട്ടി.




സ്ലം ഡോഗ് മില്യണര്‍ റസൂലിന്‍റെ ജീവിതം മാറ്റി മറിക്കുന്നു.




ഒരു മലയാളിയുടെ ആദ്യത്തെ ഓസ്കര്‍ അവാര്‍ഡ്. ഏതൊരു ഇന്ത്യക്കാരനും ഏതൊരു സിനിമാക്കാരനും കൊതിക്കുന്ന അവാര്‍ഡ് റസൂല്‍ പൂക്കുട്ടി എന്ന അഞ്ചല്‍ക്കാരന്‍ സ്വന്തമാക്കിയിരിക്കുന്നു.




ഓസ്കര്‍ അവാര്‍ഡ് ദാനത്തിന് പോകും മുമ്പ് റസൂല്‍ പൂക്കുട്ടിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണം:




ചോദ്യം: ഓസ്കര്‍ നോമിനേഷന്‍ ഉണ്ട് എന്ന് കേട്ടപ്പോള്‍ താങ്കള്‍ക്ക് ആദ്യം തോന്നിയ വികാരം എന്തായിരുന്നു.?



റസൂല്‍‍: സത്യം പറയാം അവിശ്വസനീയമായിരുന്നു ഓസ്കര്‍ നോമിനേഷന്‍ വാര്‍ത്ത. അതിനു കാരണം സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരു ആളിന്‍റേയും സ്വപ്നം തന്നെയാണ് ഓസ്കര്‍ അവാര്‍ഡ്. അപ്പോള്‍ പിന്നെ അതിന് നോമിനേഷന്‍ ചെയ്യപ്പെടുക എന്നു പറയുമ്പോള്‍...





പത്രപ്രവര്‍ത്തകരും സിനിമാ സുഹൃത്തുക്കളും വിളിക്കുമ്പോള്‍ ആദ്യമൊക്കെ അവിശ്വസനീയവും അത്ഭുതവുമായിരുന്നു. പിന്നെ ആലോചിച്ചത്, ഇന്ത്യന്‍ സിനിമയിലെ ടെക്നിക്കല്‍ സൈഡില്‍ വര്‍ക്ക് ചെയ്യുന്നവരെ ഉത്തേജിപ്പിക്കാന്‍ ഇത്തരം നോമിനേഷന്‍ സഹായകമാകും എന്നാണ്.



നോമിനേഷന്‍ ഇന്ത്യന്‍ സിനിമയ്ക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമായി ഞാന്‍ കാണുന്നു. പ്രത്യേകിച്ച് ആരുമറിയാതെ സിനിമയുടെ അകത്തളങ്ങളില്‍ മാത്രം അറിയുന്നവര്‍ക്ക് കിട്ടിയ അംഗീകാരം തന്നെയാണ്. മറ്റൊന്ന് ഇത് ഇന്ത്യന്‍ സിനിമയിലെ ടെക്നീഷ്യന്‍ മാരെ സിനിമയെ കൂടുതല്‍ സീരിയസ്സായി സമീപിക്കാനും ഇടയാക്കും.





ചോദ്യം: ഡാനി ബോയലുമായി വര്‍ക്ക് ചെയ്തതിന്‍റെ അനുഭവം എങ്ങിനെ?



റസൂല്‍: സ്ലം ഡോഗ് മില്യണര്‍ ഒരു ലോ ബഡ്ജറ്റ് സിനിമയാണ്. അതു കൊണ്ട് അത്തരം സിനിമയ്ക്ക് ഓസ്കര്‍ കിട്ടിക്കൂടാ എന്നില്ല. എന്നെ പോലുള്ള ഒരു ടെക്നീഷ്യന്‍ ഒരു പക്ഷെ അതു കൊണ്ടാണ് ഒരു ഷോക്ക് ന്യൂസ് അവിശ്വസനീയം എന്ന് തോന്നാനും കാരണം.



സ്ലം ഡോഗ് മില്യണറിലെ ഓരോ ഷോട്ടും വ്യത്യസ്തമാണ്. പരമ്പരാഗതമായ രീതിയില്‍ ഒന്നൊ രണ്ടോ കാമറയാണ് സംവിധായകര്‍ സാധാരണ ഉപയോഗിക്കാറുള്ളത്. എന്നാല്‍ സ്ലം ഡോഗില്‍ ഞങ്ങള്‍ ഉപയോഗിച്ചത് ഏറ്റവും മികച്ച റസലൂഷന്‍ ഉള്ള മൂവി കാമറയും ഒപ്പം അത്ര തന്നെ സ്റ്റില്‍ കാമറയും.



ഓരോ കാമറയും സീനിന്‍റെ ഉള്ളടക്കത്തിനനുസരിച്ച് ക്രമീകരിച്ച് ഉപയോഗിക്കു കയായിരുന്നു. ഒരു ചോദ്യമേ ഉണ്ടായിരുന്നുള്ളു എങ്ങിനെ ഇതൊക്കെ ഷൂട്ട് ചെയ്യുമെന്ന്. ഒന്നിലധികം കാമറകള്‍ ഉപയോഗിക്കുമ്പോള്‍ അതിനെ സാങ്കേതികമായി ഒരേ സമയം കൈകാര്യം ചെയ്യുന്നത് ടെക്നീഷ്യന്‍ മാര്‍ക്ക് ഒരു വെല്ലുവിളിയാണ്. മാത്രവുമല്ല സെറ്റില്‍ നിന്ന് തന്നെയാണ് സൌണ്ട് റെക്കോര്‍ഡിങ്ങും ചെയ്യുന്നത്. അതായത് സ്പോട്ട് റെക്കോര്‍ഡിങ്ങ്.





ചോദ്യം: റസൂല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ Sync Sound Recording തിരഞ്ഞെടുക്കാനുള്ള കാരണം?



റസൂല്‍: ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥി എന്ന നിലയില്‍ ഒരു പാട് യൂറോപ്യന്‍ ഹോളിവുഡ് സിനിമകള്‍ കാണുവാന്‍ അവസരം കിട്ടുകയുണ്ടായി. അതു കൊണ്ട് തന്നെ അത്തരം സിനിമകളോട് കൂടുതല്‍ ആഭിമുഖ്യവും തോന്നി. താരതമ്യേന ഇന്ത്യന്‍ സിനിമകളേ അപേക്ഷിച്ച് അത് തികച്ചും റിയലിസ്റ്റിക്കും ആയിരുന്നു.



പിന്നീട് വിദേശ സിനിമകള്‍ നേരിട്ട് സൌണ്ട് ലൈവ് ആയി ലൊക്കേഷനില്‍ നിന്ന് തന്നെ റെക്കോര്‍ഡ് ചെയ്യുന്ന രീതിയാണല്ലോ അവലംബിക്കുന്നത്. അത് പഠിക്കുകയും പ്രയോഗത്തില്‍ വരുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഇന്ത്യന്‍ സിനിമകള്‍ സ്റ്റുഡിയോയില്‍ കൊണ്ട് വന്ന് ഡബ് ചെയ്യുന്ന രീതിയാണല്ലൊ ഉപയോഗിക്കുന്നത് സാധാരണയായി. ഇതിനൊരു മാറ്റം വേണമെന്ന് ആത്മാത്ഥമായി ആഗ്രഹിച്ചു എന്ന് പറയാം. തികച്ചും റിയലിസ്റ്റിക് ആയുള്ള ശബ്ദ ക്രമീകരണം. അതായിരുന്നു സ്വപ്നം.



അന്താ‍രാഷ്ട്ര നിലവാരമുള്ള ഒരു സിനിമയ്ക്ക് നേരിട്ടുള്ള ശബ്ദ ലേഖന സാധ്യതകള്‍ ഏറെയാണ്. ഒരു പക്ഷെ അതൊക്കെ കൊണ്ടാവണം ഞാന്‍ Sync Sound Recording തിരഞ്ഞെടുത്തത്.



ചോദ്യം: താങ്കളുടെ ഇന്ത്യന്‍ സിനിമയ്ക്ക് പുതിയ ഇഫക്റ്റ് ഉണ്ടാക്കുമെന്ന് മാധ്യമങ്ങളും സിനിമാ വൃത്തവും സന്തോഷിക്കുന്നു. ഇന്ത്യന്‍ സിനിമയിലെ കാരണവര്‍ അമിതാഭ് ബച്ചന്‍ പറഞ്ഞത് 'ഇത് സിനിമയിലെ അകത്തളങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് കിട്ടിയ അംഗീകാരമാണ്" എന്നാണ് അദ്ദേഹത്തിന്‍റെ ബ്ലോഗില്‍ പറഞ്ഞിരിക്കുന്നത്. താങ്കള്‍ക്ക് എന്ത് തോന്നുന്നു.





റസൂല്‍ : അമിതാഭ് ബച്ചന്‍ എഴുതിയത് എന്താണെന്ന് ഞാന്‍ വായിച്ചിട്ടില്ല. പക്ഷെ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം എന്നെ വിളിക്കുകയും ഓസ്കര്‍ അവാര്‍ഡ് കിട്ടാന്‍ ആശംസിക്കുകയും ചെയ്തു. ഏറ്റവും വലീയ അംഗീകാരമായിട്ടാണ് അദ്ദേഹത്തോട് സംസാരിച്ചപ്പോള്‍ എനിക്ക് തോന്നിയത്. അദ്ദേഹത്തിന്‍ റെ ഫോണ്‍ എനിക്ക് കിട്ടിയപ്പോള്‍ ഓസ്കര്‍ അവാര്‍ഡ് കിട്ടിയ സന്തോഷം തോന്നി.


സിനിമാ വ്യവസായത്തില്‍ പൊതുവെ ടെക്നീഷ്യന്‍ എന്നും അവഗണിക്കപ്പെട്ടവരാണ്. ഒരു ടെക്നീഷ്യന്‍ ഓസ്കറിന് പരിഗണിക്കുന്നു എന്നാല്‍ സിനിമയുടെ ടെക്നിക്കല്‍ വിഭാഗത്തിനു കിട്ടുന്ന ഏറ്റവും വലീയ അംഗീകാരവും ഒപ്പം അവഗണിക്കപ്പെട്ട വിഭാഗത്തെ മുഖ്യ ധാരയില്‍ എത്തിക്കുന്നു എന്നത് കൂടിയാണ്.

മാത്രമല്ല ഈ നോമിനേഷനിലൂടെ തെളിയിക്കുന്നത് പൂര്‍ണ്ണ സ്വാതന്ത്ര്യം ടെക്നീഷ്യന്‍സിനു കൊടുത്താല്‍, നല്ല അവസരങ്ങള്‍ കൊടുത്താല്‍ ഏറ്റവും നല്ല അവിശ്വസനീയമായ വിജയം ഉണ്ടാക്കി തരാന്‍ കെല്പുള്ളവരാണ് .

എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമാണ് എ. ആര്‍. റഹ്മാന്‍റെ നോമിനേഷന്‍. അത്രയും നല്ല ജീനിയസ്സ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്.





ചോദ്യം: താങ്കളുടേയും സ്വപ്നം ഒരു സംവിധായകനാവുക എന്നതാണൊ?



റസൂല്‍: ഫിലിം അക്കാദമിയില്‍ എത്തുന്ന എല്ലാവരുടേയും സ്വപ്നം ഒരു സവിധായകനാവുക എന്നതു തന്നെയാണ്. അതില്‍ എനിക്കും മാറ്റമൊന്നും ഇല്ല.

എനിക്ക് കുറച്ച് കൊല്ലം മുമ്പ് വിജയിക്കാതെ പോയ ചില അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എങ്കിലും ആ സ്വപ്നം ഇന്നും ജീവിക്കുന്നു എന്റെ ഉള്ളില്‍. കാത്തിരുന്നു കാണുക തന്നെ.



ചോദ്യം: താങ്കള്‍ക്ക് എങ്ങിനെ അനുഭവപ്പെടും ഓസ്കര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ സംബന്ധിക്കുമ്പോള്‍ എന്നതിനെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ?



റസൂല്‍: എനിക്ക് ഓസ്കര്‍ കിട്ടുകയോ കിട്ടാതിരിക്കുകയോ ചെയ്യാം. ഏറ്റവും സത്യമായിട്ടുള്ളത് നോമിനേഷന്‍ കിട്ടി എന്നുള്ളതു തന്നെ. അത് തന്നെ ഏറ്റവും വല്യ ഭാഗ്യമായി കാണുകയും ചെയ്യുന്നു. അവാര്‍ഡ് തീരുമാനിക്കുന്നത് രഹസ്യ ബാല്‍റ്റിലൂടെയാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നിരുന്നാലും ഞാന്‍ ആഗ്രഹിക്കുന്നത് പ്രതീക്ഷിക്കുന്നത് എല്ലാ സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും ആഗ്രഹിക്കുന്ന ഓസ്കര്‍ എനിക്ക് കിട്ടുമെന്ന് തന്നെയാണ്.



- രാജു ഇരിങ്ങല്‍, വി. എച്ച്. നിഷാദ്










Labels:

  - ജെ. എസ്.    

3അഭിപ്രായങ്ങള്‍ (+/-)

3 Comments:

അഞ്ചല്‍ വിളക്കുപാറയില്‍ വരുന്ന പൂക്കുട്ടി സിനിമാക്കാരന്‍ ആണെന്ന് തോന്നില്ലെന്ന് നാട്ടുകാര്‍.

അടുത്തിടെ വന്നപ്പോള്‍ നാട്ടിലെ മുടിവെട്ടുകടയിലെ കത്രിക വാങ്ങിക്കൊണ്ട് പോയി എന്നും. അതിന്റെ ശബ്ദം തനിക്ക് വേണമെന്ന് പറഞ്ഞ്.
കുറച്ച് മുന്‍പ് അദ്ദേഹത്തിന്റെ നാട്ടുകാരന്‍ റേഡിയോ അഭിമുഖത്തില്‍ പറഞ്ഞതാണ്. കേട്ടപ്പോള്‍ ആഹ്ലാദം തോന്നി

February 23, 2009 at 9:49 PM  

ഓസ്കാര്‍ അവാഡും കയ്യില്‍ പിടിച്ചുകൊണ്ട് മനസ്സുനിറഞ്ഞു വിങ്ങിയ നിമിഷങ്ങളിലും,നാടിനെയും,
നാട്ടാരെയും മറക്കാത്ത പൂക്കുട്ടി റസൂലിനു എല്ലാ നന്മയൂം അഭിനന്ദനങ്ങളും. അവസരോചിതമായി
ഈ ഇന്റെര്‍വ്യൂ ചെയ്ത രാജു ഇരിങ്ങലും, വി. എച്ച്. നിഷാദിനും നന്ദി.

February 24, 2009 at 10:00 AM  

ഓസ്കാര്‍ അവാര്‍ഡ് ജേതാക്കളില്‍ രണ്ടു പേര്‍ മലയാളികളാണെന്നതില്‍ നമുക്ക് അഭിമാനിക്കാം. റസൂല്‍ പൂക്കുട്ടിയും, റഹ്‌മാനും. റഹ്‌മാന്‍ തമിഴകത്തേക്ക് കുടിയേറിയവനാണെങ്കിലും,ആര്‍.കെ.ശേഖറിന്റെമകന്‍ മലയാളിയല്ലാതാകുന്നില്ല.

റഹ്‌മാന്‍ ഇന്ത്യന്‍ സിനിമയിലെ തരംഗമായി അറിയപ്പെടുമ്പോള്‍ റസൂല്‍ മലയാളത്തിനു തന്നെ അറിയപ്പെടാത്തവനായിരുന്നു. ഇത്തരം റസൂലുമാര്‍ ഇനിയും ഉണ്ടാകും അണിയറയില്‍. ദേശീ‍യ സിനിമാ‍ അവാര്‍ഡ് പോലുള്ള അംഗീകാരങ്ങള്‍ ഇത്തരക്കാരെ അറിയപ്പെടുന്നവരാക്കാറുണ്ടെങ്കിലും, ഓസ്കാര്‍ നല്‍കുന്ന ആഗോള പ്രശസ്തി എല്ലാത്തിനും മീതെ പ്രഭ ചൊരിഞ്ഞു നില്‍ക്കുന്നു.

അറിയപ്പെടാത്ത റസൂലിനെ കൂടുതലറിയാന്‍ ശ്രമിക്കുകയും അതു വായനക്കാരുമായി പങ്കു വയ്ക്കുകയും ചെയ്തതിന് രാജു ഇരിങ്ങലും, നിഷാദും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.

February 28, 2009 at 1:34 AM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്




ആര്‍ക്കൈവ്സ്