07 November 2009

പഴശ്ശി രാജ എന്തിന് നിര്‍മ്മിച്ചു?

gokulam-gopalanബ്രിട്ടീഷുകാര്‍ക്ക് എതിരെ കേരളത്തില്‍ ആദ്യമായി പട പുറപ്പാട് നടത്തിയ പഴശ്ശി രാജക്ക് പലപ്പോഴും ചരിത്രത്തില്‍ വേണ്ടത്ര പ്രാധാന്യം ലഭിച്ചിട്ടില്ല എന്നും, ഇപ്പോഴത്തെ തലമുറക്ക് ഈ ധീര സമര നായകനെ പരിചയ പ്പെടുത്തുവാനും ആണ് താന്‍ “പഴശ്ശി രാജ” നിര്‍മ്മിച്ചത് എന്ന് പഴശ്ശി രാജയുടെ നിര്‍മ്മാതാവായ ഗോകുലം ഗോപാലന്‍ പറഞ്ഞു. അമ്മ ( AMMA - Annual Malayalam Movie Awards ) പുരസ്ക്കാരം വാങ്ങുവാനായി ഷാര്‍ജയില്‍ എത്തിയ വേളയില്‍ e പത്രത്തിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരി ക്കുകയായിരുന്നു അദ്ദേഹം. മികച്ച സിനിമയ്ക്കുള്ള പുരസ്ക്കാരം ഉള്‍പ്പെടെ 9 പുരസ്ക്കാരങ്ങളാണ് പഴശ്ശി രാജയ്ക്ക് 2009ലെ അമ്മ പുരസ്ക്കാരങ്ങളില്‍ ലഭിച്ചത്. മികച്ച സിനിമ, സംവിധായകന്‍ (ഹരിഹരന്‍), തിരക്കഥ (എം.ടി. വാസുദേവന്‍ നായര്‍), സംഗീതം (ഇളയ രാജ), ഗായിക (കെ. എസ്. ചിത്ര), ശബ്ദ മിശ്രണം (റെസൂല്‍ പൂക്കുട്ടി), മികച്ച നടി (കനിഹ), മികച്ച സഹ നടന്‍ (മനോജ് കെ. ജയന്‍), മികച്ച സഹ നടി (പദ്മ പ്രിയ) എന്നീ പുരസ്ക്കാരങ്ങളാണ് ഇത്തവണ പഴശ്ശി രാജയ്ക്ക് ലഭിച്ചത്.
 

pazhassi-raja


 
സാമൂഹിക പ്രതിബദ്ധതയുള്ള സിനിമയാണ് പഴശ്ശി രാജ. താന്‍ സിനിമ നിര്‍മ്മിക്കുന്നത് സാമൂഹിക പ്രതിബദ്ധതയ്ക്ക് വേണ്ടിയാണ്. പഴശ്ശി രാജ ഒരു പാട് ഘടകങ്ങള്‍ ഒത്തു ചേര്‍ന്നപ്പോള്‍ സംഭവിച്ച ഒരു കലാ സൃഷ്ടിയാണ്. ഇന്ത്യന്‍ സിനിമയിലെ ഒട്ടേറെ മഹാ പ്രതിഭകള്‍ ഒത്തു ചേര്‍ന്നപ്പോള്‍ മലയാള സിനിമയ്ക്ക് ലഭിച്ച ഒരു അസുലഭ ചരിത്ര മുഹൂര്‍ത്തമാണ് പഴശ്ശി രാജ. സംവിധായകന്‍ ഹരിഹരന്‍, കഥ എഴുതിയ എം. ടി. വാസുദേവന്‍ നായര്‍, നായകന്‍ മമ്മുട്ടി, മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്ത ശരത് കുമാര്‍, തിലകന്‍, കനിഹ, പദ്മ പ്രിയ, മനോജ് കെ ജയന്‍, സുമന്‍, ശബ്ദ മിശ്രണം ചെയ്ത റസൂല്‍ പൂക്കുട്ടി, സംഗീതം നല്‍കിയ ഇളയ രാജ, ഗാനങ്ങള്‍ രചിച്ച ഒ. എന്‍. വി. കുറുപ്പ്, ഗിരീഷ് പുത്തഞ്ചേരി, കനേഷ് പൂനൂര്‍, ഗാനങ്ങള്‍ ആലപിച്ച കെ. എസ്. ചിത്ര എന്നിങ്ങനെ ഇത്രയും അധികം പ്രതിഭാ ധനരായ കലാകാര ന്മാരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും വൈഭവം ഒരുമിച്ചു ചേര്‍ന്നതു കൊണ്ടാണ് ഇങ്ങനെ ഒരു സിനിമ ജന്മം കൊണ്ടത്. ഇത്തരം ഒരു ചരിത്ര സംരംഭത്തിന് ചുക്കാന്‍ പിടിക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് ചാരിതാര്‍ത്ഥ്യമുണ്ട് എന്ന് പ്രമുഖ വ്യവസായി കൂടിയായ നിര്‍മ്മാതാവ് ഗോകുലം ഗോപാലന്‍ പറഞ്ഞു.
 

pazhassi-raja-team


 
പഴശ്ശി രാജയുടെ സാമ്പത്തിക വിജയം തന്റെ ലക്ഷ്യമായിരുന്നില്ല. സാമ്പത്തിക വിജയത്തിനായി സിനിമ എടുക്കുന്നതിനോട് തനിക്ക് യോജിപ്പില്ല. പണം ഉണ്ടാക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. താന്‍ ഒരു വ്യവസായിയാണ്. തനിക്ക് അനേകം വ്യവസായ സംരംഭങ്ങളും ഉണ്ട്. എന്നാല്‍ സിനിമ ധന സമ്പാദന ത്തിനുള്ള ഒരു വ്യവസായം ആയിട്ടല്ല താന്‍ കാണുന്നത്. ജനങ്ങളോട് ഇത്രയധികം സംവദിക്കുവാന്‍ കഴിവുള്ള മാധ്യമമായ സിനിമ, സമൂഹ നന്മയ്ക്കായ് ഉപയോഗിക്കാവുന്ന ഏറ്റവും ശക്തമായ ഉപാധിയാണ്. പണമുണ്ടാക്കാന്‍ വേണ്ടി സിനിമ എടുക്കണമെങ്കില്‍ അത് തനിക്ക് നേരത്തേ ആകാമായിരുന്നു. അതു ചെയ്യാതെ, പഴശ്ശി രാജ പോലുള്ള ഒരു സൃഷ്ടിയുടെ പിറവിക്കായി താന്‍ ഇത്രയും കാലം കാത്തിരുന്നത് അതു കൊണ്ടാണ്. അടുത്ത സിനിമയെ കുറിച്ച് താന്‍ പദ്ധതിയൊന്നും ഇട്ടിട്ടില്ല. എന്നാല്‍ ഇനിയൊരു സിനിമ എടുത്താല്‍ അത് ചരിത്ര സിനിമ തന്നെ ആയിരിക്കണം എന്നില്ല. എന്നാല്‍ അതും സാമൂഹിക പ്രതിബദ്ധത യുള്ള വിഷയം കൈകാര്യം ചെയ്യുന്നതു തന്നെ ആയിരിക്കും എന്ന്‍ അദ്ദേഹം അറിയിച്ചു.
 



Gokulam Gopalan speaks about the making of Pazhassi Raja



 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്